കണ്ണൂർ: ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർഥികളെ പാണക്കാട്ടുനിന്നു പ്രഖ്യാപിക്കുന്ന നിലയുണ്ടാകുന്നുവെന്നും സിപിഐഎമ്മിനു സംഘിപ്പട്ടം ചാർത്താൻ ശ്രമിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന വർഗീയ ശക്തികളുടെ കുബുദ്ധി മാത്രമാണെന്നും അതിൽ ജനങ്ങൾ കുടുങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിം ലീഗ് ജമാ അത്തെ ഇസ്‌ലാമിയെ കാര്യങ്ങൾ ഏൽപിച്ചാൽ അവർ ലീഗിനെ വിഴുങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസ് നിലപാട് എന്താണെന്ന് എല്ലാവർക്കും അറിയാം. പലരുടേയും തലയ്ക്ക് അവർ വില പറഞ്ഞു. ആർഎസ്എസിന്റെ ഹിറ്റ്ലിസ്റ്റിൽ പെട്ടവർ നിരവധിയുണ്ട്. ആർഎസ്എസിന്റെ വർഗീയ നിലപാടിനെതിരെ പോരാടാൻ ഏതറ്റം വരെയും പോകും. ഒരു ഘട്ടത്തിലും ആർഎസ്എസുമായി സന്ധിചെയ്യാൻ പോയിട്ടില്ല. വർഗീയ കലാപം അഴിച്ചുവിട്ടപ്പോൾ നിസ്സംഗരായി നിന്നവരല്ല സിപിഎം. കലാപം ശമിപ്പിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തി. ആശ്വാസത്തിന്റെ തണലേകാനാണ് എല്ലാ ഘട്ടത്തിലും ശ്രമിച്ചിട്ടുള്ളത്. നാളെയും അതു തന്നെ ചെയ്യും. സംഘിപ്പട്ടം ചാർത്താൻ പുറപ്പെട്ടാൽ അതിൽ ജനങ്ങൾ കുടുങ്ങില്ല.
ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന വർഗീയ ശക്തികളുടെ കുബുദ്ധി മാത്രമായിരിക്കും അത്.ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർഥികളെ പാണക്കാട്ടുനിന്ന് പ്രഖ്യാപിക്കുന്ന നിലയുണ്ടാകുന്നു. മുസ്‌ലിം ലീഗ് ജമാ അത്തെ ഇസ്‌ലാമിയെ കാര്യങ്ങൾ ഏൽപിച്ചാൽ ലീഗിനെ വിഴുങ്ങുന്ന സാഹചര്യമാകും. ഞങ്ങൾക്ക് സംഘിക്കുപ്പായം പാകമാകില്ല. ശാഖയ്ക്ക് കാവൽ നിന്നവർക്കും കർസേവകർക്ക് ഒത്താശ ചെയ്തതവർക്കും ഗോൾവൾക്കറുടെ ചിത്രത്തിന് മുന്നിൽ വണങ്ങുന്നവർക്കുമായിരിക്കും അത് ചേരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.