മലപ്പുറം പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗിനുള്ളിലെ പ്രാദേശിക തർക്കം പരസ്യമാകുന്നു. നിലവിലെ എം.എൽ.എ നജീബ് കാന്തപുരത്തിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വേണ്ടെന്നും, 'പെയ്‌മെന്റ് സീറ്റ്' സംസ്കാരം അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം.
മണ്ഡലത്തിൽ നിന്നുള്ള പ്രാദേശിക നേതാക്കളെ അവഗണിച്ച് പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകുന്നതിനെതിരെയാണ് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. പെരിന്തൽമണ്ണയിൽ തന്നെ കഴിവുള്ള നേതാക്കൾ ഉണ്ടെന്ന് പോസ്റ്ററുകൾ വ്യക്തമാക്കുന്നു. കെ. മുസ്തഫ, എ.കെ നാസർ മാസ്റ്റർ, ഉസ്മാൻ താമരത്ത് എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ഇവർ യോഗ്യരാണെന്നും മണ്ഡലത്തിൽ ഇവർ ഉള്ളപ്പോൾ എന്തിന് പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നു എന്നും പ്രതിഷേധക്കാർ ചോദിക്കുന്നു.
'പെരിന്തൽമണ്ണയിലെ മുസ്ലിം ലീഗ് പോരാളികൾ' എന്ന പേരിലാണ് നഗരമധ്യത്തിലും പരിസരപ്രദേശങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാകുന്നതിനിടെയുണ്ടായ ഈ നീക്കം ലീഗ് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്. നജീബ് കാന്തപുരം എം.എൽ.എയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ ഒരു വിഭാഗം അതൃപ്തിയിലാണെന്ന സൂചനകളാണ് ഈ പോസ്റ്റർ പ്രതിഷേധം നൽകുന്നത്. സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.