തറിയിൽ പുതുവസ്ത്രം നെയ്തെടുക്കുന്ന ഖാദി തൊഴിലാളികൾ ഇന്നും നേരിടുന്നത് കടുത്ത അവഗണന. ഓണക്കാലത്തും മിനിമം കൂലി പോലും ലഭിക്കാതെയാണ് രാവ് പകലാക്കി തൊഴിലാളികൾ വസ്ത്രങ്ങൾ നെയ്തെടുക്കുന്നത്.
ഖാദി വെറും വസ്ത്രമല്ല, ഒരു സംസ്കാരമാണ്, പരിശുദ്ധിയുടെയും സ്വാതന്ത്ര്യത്തിൻ്റെയും അടയാളമാണ്. പ്രതിസന്ധിയുടെ കാലത്തും പ്രത്യാശയുടെ പുതുവെളിച്ചം തേടി തറികളിൽ വസ്ത്രങ്ങൾ നെയ്യുകയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ട കാലത്ത് വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത ഒരു ജനസമൂഹത്തിൻ്റെ ആകെ ആവേശവും അഭിമാനവുമായ ഖദർ വസ്ത്രം.
ഇന്നും തലയെടുപ്പോടെ ഖദർ വസ്ത്രങ്ങൾ ഗ്രാമ നഗര വ്യത്യാസമില്ലാതെ രാജ്യത്താകമാനം പ്രചരിക്കുമ്പോഴും നൂൽ നൂറ്റ് ഖാദി തറികളിൽ വസ്ത്രം നെയ്തെടുക്കുന്ന തൊഴിലാളികളുടെ ജീവിതം അത്ര നിറമുള്ളതല്ല.
തൊഴിലിനോടുള്ള ഇഷ്ടം കൊണ്ട് മാത്രം ഇന്നും ഈ മേഖലയിൽ നിലനിൽക്കുന്നവരാണ് ഭൂരിഭാഗം പേരും.തറികളിൽ വർണ്ണങ്ങൾ നെയ്യുന്ന തൊഴിലാളികളുടെ ഇരുട്ട് മൂടിയ ജീവിതത്തിൽ നാളെകളിൽ വർണ്ണ വസന്തം വിരിയുമെന്ന പ്രതീക്ഷയിലാണ് ഓരോ ഖാദി തൊഴിലാളിയും