തൃശൂരിൽ ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ ബീച്ചിൽ കളിച്ചുകൊണ്ടിരുന്ന 14 വയസുകാരന് ദാരുണാന്ത്യം. സംഭവത്തിൽ വാഹനം ഓടിച്ചയാൾ അറസ്റ്റിൽ. കയ്പമംഗലം കൂരിക്കുഴി സ്വദേശി പഴുംപറമ്പിൽ വീട്ടിൽ ഷജീർ (36) നെയാണ് തൃശൂർ റൂറൽ എസ്.പി.ബി.കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റകരമായ നരഹത്യ വകുപ്പ് ചേർത്താണ് കേസെടുത്തിട്ടുള്ളത്.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് ചാമക്കാല രാജീവ് റോഡ് ബീച്ചിൽ വെച്ച് ജിപ്സി വാഹനം മറിഞ്ഞ് ചാമക്കാല സ്വദേശി പള്ളിത്തറ വീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) മരിച്ചത്. കൂട്ടുകാരനുമൊത്ത് കടപ്പുറത്ത് എത്തിയതായിരുന്നു സിനാൻ. ഈ സമയത്ത് ഷെജീർ കടപ്പുറത്ത് ജിപ്സി ഓടിക്കുന്നത് കണ്ട് ഇതിൽ കയറിയിരുന്നു. ജിപ്സി ഓട്ടത്തിനിടെ പെട്ടെന്ന് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. തെറിച്ചു വീണ സിനാൻ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ഇതേ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സിനാന് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് കയ്പമംഗലം പോലീസ് പ്രതിയെയും, വാഹനവും കസ്റ്റഡിയിലെടുത്തു.
പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പ്രതിയെ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. വിവിധപോലീസ് സ്റ്റേഷൻ പരിധികളിലായി ഷജീർ പത്തോളം കേസുകളിൽ പ്രതിയാണ്.കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ടി.വി.ഋഷിപ്രസാദ് , ജയകുമാർ, ജി എസ് ഐ ജെയ്സൺ, സി പി ഒ മാരായ ആന്റണി, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.