ഏറെ വിവാദങ്ങൾക്കിടയാക്കിയ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് പറയപ്പെട്ട ശസ്ത്രക്രിയാ ഉപകരണം ആശുപത്രിയിൽ നിന്ന് തന്നെ കണ്ടെത്തി. യൂറോളജി വിഭാഗത്തിലെ ടിഷ്യൂ മോർസലേറ്റർ എന്ന ഉപകരണമാണ് ഓപ്പറേഷൻ തീയേറ്ററിൽ നിന്നും പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ, ഉപകരണം നഷ്ടമായെന്ന ആരോഗ്യ മന്ത്രിയുടെയും വിദഗ്ധ സമിതിയുടെയും വാദങ്ങൾ സംശയത്തിന്റെ നിഴലിലായി.
യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ, ആശുപത്രിയിലെ ഉപകരണങ്ങളുടെ കുറവ് സംബന്ധിച്ച് പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.
ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി, 20 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണം കാണാനില്ലെന്നും ചില ഉപകരണങ്ങൾ മനഃപൂർവം കേടുവരുത്തിയെന്നും റിപ്പോർട്ട് നൽകുകയായിരുന്നു. എന്നാൽ, ഒരു ഉപകരണവും നഷ്ടപ്പെട്ടിട്ടില്ലെന്നും എല്ലാം ആശുപത്രിയിൽ തന്നെയുണ്ടെന്നും ഡോ. ഹാരിസ് ഉറപ്പിച്ചുപറഞ്ഞിരുന്നു.