പാലക്കാട് കണ്ണാടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ, പ്രധാനാധ്യാപിക ലിസിയെയും ക്ലാസ് ടീച്ചർ ആശയെയും മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കണ്ണാടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അർജുനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ചില വിദ്യാർത്ഥികൾ തമ്മിൽ മെസ്സേജ് അയച്ചതുമായി ബന്ധപ്പെട്ട് അധ്യാപിക അർജുനെ മാനസികമായി പീഡിപ്പിക്കുകയും സൈബർ സെല്ലിൽ പരാതി നൽകുമെന്നും, ജയിലിൽ അടക്കുമെന്നും 50,000 രൂപ പിഴ ഈടാക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു.
അർജുൻ ജീവനൊടുക്കിയതിന് പിന്നാലെ സ്കൂളിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. വിദ്യാർത്ഥികളും വിവിധ വിദ്യാർത്ഥി സംഘടനകളും അധ്യാപികയുടെ രാജി ആവശ്യപ്പെട്ട് സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഇടപെട്ടതോടെ മാനേജ്മെന്റ് ഉടനടി യോഗം ചേർന്ന് നടപടിയെടുക്കാൻ തീരുമാനിച്ചു.
ഇതേത്തുടർന്ന്, സ്കൂൾ മാനേജ്മെന്റ് പ്രധാനാധ്യാപിക ലിസിയെയും ക്ലാസ് ടീച്ചർ ആശയെയും 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കുഴൽമന്ദം പോലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. വിദ്യാർത്ഥിയുടെ മരണത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് അധ്യാപികയ്ക്കെതിരെ ഉയർന്നിട്ടുള്ളത്. വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് വേഗത്തിലാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അർജുന്റെ കൈയ്യിൽ ടീച്ചർ അടിച്ച പാടുണ്ടായിരുന്നതായും മറ്റ് ഭീഷണികൾ നേരിട്ടിരുന്നതായും വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു. ഈ വിവരങ്ങളെല്ലാം അന്വേഷണത്തിൽ നിർണായകമാകും.