പത്തനംതിട്ടയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധ ബാനർ പ്രത്യക്ഷപ്പെട്ടു. പ്രമാടം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുന്നിലാണ് വിവാദ ബാനർ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും സമാനമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
"കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്" എന്നെഴുതിയ ബാനറാണ് പ്രമാടം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കെട്ടിയിരിക്കുന്നത്. അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തുന്ന ഒരാളുടെ ചിത്രവും ബാനറിലുണ്ട്.
കഴിഞ്ഞ ഒരാഴ്ച മുൻപ് പമ്പയിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഭക്ത ജനസംഘടനകളും ചേർന്ന് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിൽ, സർക്കാരിന് അനുകൂലമായി സുകുമാരൻ നായർ സ്വീകരിച്ച നിലപാടിനെ തുടർന്നാണ് ഈ പ്രതിഷേധം ആരംഭിച്ചത്. ആദ്യം വെട്ടിപ്പുറം എൻഎസ്എസ് കരയോഗത്തിന് മുൻപിലാണ് സമാനമായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റർ തങ്ങളുടെ അറിവോടെയല്ല പ്രത്യക്ഷപ്പെട്ടതെന്ന് വെട്ടിപ്പുറത്തെ കരയോഗം ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. വെട്ടിപ്പുറത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരെയുള്ള പ്രമാടം പഞ്ചായത്ത് ഓഫീസിന് മുന്നിൽ അതേ വാചകങ്ങളോടുകൂടിയ പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടത് എൻഎസ്എസിനുള്ളിലെ ഭിന്നത രൂക്ഷമാക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങൾക്ക് സംസ്ഥാനത്തുടനീളം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.