തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നുപരിശോധിക്കുന്നത് വീണ്ടും ചര്‍ച്ചയാവുന്നു. വ്യാഴാഴ്ച നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമതിയുടെയും സംയുക്ത യോഗത്തില്‍ ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധിയാണ് ബി നിലവറ വീണ്ടും തുറന്ന് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ നിലവറ തുറക്കുന്നത് ആചാരവിരുദ്ധമാണെന്നും അക്കാര്യത്തില്‍ പെട്ടന്ന് തീരുമാനമെടുക്കാന്‍ ആവില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയുടെ നിലപാട്. വിഷയത്തില്‍ ഭരണസമിതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ ആചാരവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ തന്ത്രിമാരുടെ കൂടി നിലപാട് അറിഞ്ഞ ശേഷം മതി കൂടുതല്‍ ചര്‍ച്ചകള്‍ എന്നാണ് സംയുക്ത യോഗത്തിലെ തീരുമാനം.