സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. കോഴിക്കോട് വടകര തൊടന്നൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തൊടന്നൂർ ആചാരക്കണ്ടി സ്വദേശി ഉഷ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വീടിന് സമീപത്തെ മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്ന് ലൈൻ പൊട്ടി മുറ്റത്തേക്ക് വീണു. രാവിലെ മുറ്റം വൃത്തിയാക്കാനിറങ്ങിയ ഉഷ, പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. സംഭവം നടന്നയുടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഷോക്കേറ്റ് മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.