തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ വൻ ഏറ്റുമുട്ടൽ. സംഘർഷത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണാറശാല, തൃക്കുന്നപ്പുഴ സ്വദേശികളായ ഗുണ്ടാസംഘങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
സമീപത്തെ ബാറിലുണ്ടായ വാക്കുതർക്കമാണ് ഉത്സവപ്പറമ്പിലെ കൂട്ടത്തല്ലിൽ കലാശിച്ചത്. ഏറ്റുമുട്ടലിനിടെ വിഷ്ണു എന്ന യുവാവ് മറുസംഘത്തിന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഇതിൽ പ്രകോപിതരായ എതിർസംഘം വിഷ്ണുവിനെ വളഞ്ഞിട്ട് ആക്രമിക്കുകയും മരത്തടികൾ ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും മറ്റൊരു യുവാവിനെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും പരുമല ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്തുനിന്നും വിഷ്ണു ചൂണ്ടിയ തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവത്തിനെത്തിയ ഭക്തർക്കിടയിൽ സംഘർഷം ഉണ്ടായത് വലിയ പരിഭ്രാന്തി പരത്തി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിസംഘത്തിലെ മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രദേശത്ത് കൂടുതൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.