 
                                 
                        കണ്ണൂർ : കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎൽ മലബാറിലെ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള കേരള കൗമുദിയുടെ അവാർഡിന് അർഹമായി. പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് നേട്ടം കൈവരിച്ചതിനാലാണ് കമ്പനി ഈ അവാർഡിന് അർഹമായത്. തളിപ്പറമ്പിൽ വെച്ച് നടന്ന ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം.പിയിൽ നിന്നും കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ അവാർഡ് ഏറ്റുവാങ്ങി.
വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനകം കമ്പനി നടപ്പിലാക്കിയത്. ഖനന സ്ഥാപനം എന്ന ഖ്യാതി മാറ്റി കയർ മേഖലയിലേക്കും, വിവിധങ്ങളായ നാളികേര ഉൽപ്പന്നങ്ങളായ തേങ്ങാപ്പാൽ, തേങ്ങ പൗഡർ, വെർജിൻ കോക്കനട്ട് ഓയിൽ എന്നിവയും കമ്പനി ഉൽപ്പാദിപ്പിക്കുവാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഡിയോൺ സാനിറ്റൈസർ, ഹാന്റ് വാഷ്, ഫ്ലോർ ക്ലീനർ, ഡിസ്റ്റിൽഡ് വാട്ടർ,ഹാന്റ് റബ്ബ്,അഗ്രിപിത്ത് (ചകിരിവളം) കോക്കനട്ട് വാട്ടർ ജ്യൂസ് തുടങ്ങി 15 ഓളം ഉൽപ്പന്നങ്ങൾ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കെസിസിപിഎൽ ഉൽപ്പാദിപ്പിച്ചു വരുന്നുണ്ട്. ഇതിന് പുറമേ 13 ഉൽപ്പന്നങ്ങൾ കൂടി ഉൽപ്പാദിപ്പിക്കുവാൻ ഉദ്ദേശിച്ച് ഒരു ആന്റിസെപ്റ്റിക് ആന്റ് ഡിസിൻഫെക്റ്റന്റ് യൂണിറ്റ് കണ്ണപുരത്ത് ആരംഭിക്കുവാനുള്ള സർക്കാർ അനുമതി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ട് പെട്രോൾ പമ്പും ഒരു ഐടി ഇൻകുബേഷൻ സെന്ററും ആരംഭിച്ചു. ഇനിയും 3 പെട്രോൾ പമ്പ് കൂടി ആരംഭിക്കുന്നതിനുള്ള അണിയറ പ്രവർത്തനത്തിലാണ് കെസിസിപിഎൽ.
പ്രതിസന്ധികളെ തുടർന്ന് 2015-16 ൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടപ്പോൾ കമ്പനിക്ക് 3.40 കോടി രൂപ വിറ്റുവരവും 3.60 കോടി നഷ്ടവുമായിരുന്നു. ഈ സ്ഥാപനത്തിനാണ് വൈവിധ്യവൽക്കരണ പദ്ധതിയിലൂടെ 53 കോടി വിറ്റുവരവ് നേടുവാനും ഇത് മൂലം കേരളത്തിലെ ലാഭത്തിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലുൾപ്പെടുവാനും കമ്പനിക്കു സാധിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെയും ഭരണസമിതിയുടെയും ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും നിർലോഭമായ പിന്തുണയും സഹകരണം കൊണ്ടാണ് കമ്പനിക്ക് ഈ നേട്ടം കൈവരിക്കാനായത്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    