Share this Article
News Malayalam 24x7
പാസ്റ്ററെയും സഹായിയായ വയോധികയെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഇന്ന് മധ്യസ്ഥ ചർച്ച നടക്കാനിരിക്കെ മരണം
വെബ് ടീം
posted on 13-06-2025
1 min read
PASTOR

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പാസ്റ്ററെയും അന്തേവാസിയായ വയോധികയെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്തിയൂര്‍ക്കോണം സ്വദേശി ദാസയ്യന്‍, പയറ്റുവിള സ്വദേശി ചെല്ലമ്മ എന്നിവരെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.12 വര്‍ഷമായി വിളവൂര്‍ക്കലിലെ പരുത്തന്‍പാറയിലെ 'ബദസ്ഥ' എന്ന പ്രാര്‍ഥനാലയം നടത്തിവരുകയായിരുന്നു പാസ്റ്റര്‍ ദാസയ്യന്‍. ഈ പ്രാര്‍ഥനാലയവും അതിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. 12 വര്‍ഷം മുന്‍പ് സാം എന്നയാള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് പ്രാര്‍ഥനാലയം പ്രവര്‍ത്തിച്ചിരുന്നത്.

തന്റെ കാലശേഷം സാമിന്റെ മകനായിരിക്കും പള്ളിയ്ക്കും പള്ളിയിരിക്കുന്ന അഞ്ചു സെന്റ് ഭൂമിയ്ക്കും അവകാശമെന്ന് ദാസയ്യന്‍ വില്‍പത്രം തയ്യാറാക്കി സാമിന് കൈമാറിയിരുന്നു. എന്നാല്‍, 2024-ല്‍ വസ്തു വില്‍ക്കാന്‍ ദാസയ്യന്‍ ശ്രമം നടത്തി. ഇതറിഞ്ഞ സാം ഭൂമി വാങ്ങാന്‍ സമ്മതിക്കുകയും തുടര്‍ന്ന് ഒന്നര ലക്ഷം നല്‍കാമെന്ന് സമ്മതിച്ച് 50,000 അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ദാസയ്യന്‍ നാലു ലക്ഷംരൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ സാം കോടതിയെ സമീപിച്ച് വസ്തു അറ്റാച്ച് ചെയ്തു. ഇത് സംബന്ധിച്ച് ജൂണ്‍ ഒന്നാം തീയതി സമവായ ശ്രമങ്ങള്‍ നടന്നെങ്കിലും പരാജയപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്കുശേഷം വക്കീലിന്റെ മധ്യസ്ഥതയില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ദാസയ്യനെയും ചെല്ലമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories