പത്തനംതിട്ട കോന്നി പയ്യനാമണ്ണിലെ പാറമട ഇടിഞ്ഞുവീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ വിശദാന്വേഷണത്തിന് കളക്ടര്‍. വിഷയത്തില്‍ കളക്ടര്‍ നാളെ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു. ക്വാറിയില്‍ അളവില്‍ കൂടുതല്‍ ഖനനം നടന്നോ എന്ന് പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ക്വാറി ഉടമകളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയും തുടങ്ങി. പാറമടയില്‍ പാറകള്‍ പൊട്ടിക്കുന്നതിലടക്കം വീഴ്ചയുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. പയ്യനാമണ്‍ ചെങ്കുളത്തെ പാറമട 90 ഡിഗ്രി കുത്തനെയാണ് പൊട്ടിച്ചിരുന്നത്. ചെരിച്ച് പൊട്ടിക്കുന്നതിന് പകരം കുത്തനെ പൊട്ടിച്ചാല്‍ പാറയടരാനും ദുരന്തത്തിന്റെ ആഴം കൂട്ടാനും ഇടയാക്കും.