അന്തരിച്ച വിശ്വപ്രസിദ്ധ ചരിത്രകാരൻ കെ.എൻ. പണിക്കരുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നടക്കും. രാവിലെ പത്ത് മണി മുതൽ തിരുവനന്തപുരം ജവഹർ നഗറിലെ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.
90 വയസ്സായിരുന്നു അദ്ദേഹത്തിന്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചരിത്രത്തെ തൊഴിലാളിവർഗ്ഗ വീക്ഷണത്തിലൂടെ വിശകലനം ചെയ്ത പ്രതിഭയായിരുന്നു അദ്ദേഹം. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ, കേരള ചരിത്ര ഗവേഷണ കൗൺസിൽ (KCHR) അധ്യക്ഷൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ് കെ.എൻ. പണിക്കരുടെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.