ഇടുക്കിയില്‍ 64കാരനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി. അന്യാര്‍തൊളു നിരപ്പേല്‍കടയില്‍ ഈറ്റപ്പുറത്ത് സുകുമാരനാണ് കൊല്ലപ്പെട്ടത്. പിതൃസഹോദരി തങ്കമ്മ സുകുമാരന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാട് തര്‍ക്കമാണെന്നാണ് വിവരം.
ഇന്നലെ വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നിരപ്പേല്‍കടയിലെ വീട്ടിൽ വെച്ചാണ് ആസിഡ് ആക്രമണമുണ്ടായത്. തങ്കമ്മ സുകുമാരന് നേരെ ആസിഡ് ഒഴിക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് ആസിഡ് വീണു. രണ്ട് പേരുടെയും ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് പ്രദേശവാസികൾ ഓടിയെത്തിയത്. തങ്കമ്മയെ ഇടുക്കി മെഡിക്കൽ കോളജിലും സുകുമാരനെ കോട്ടയം മെഡിക്കൽ കോളജിലേക്കുമാണ് കൊണ്ടുപോയത്. ആശുപത്രിയിലെത്തും മുമ്പേ സുകുമാരൻ മരിച്ചിരുന്നു. തങ്കമ്മ 15 ദിവസം മുമ്പാണ് സുകുമാരന്റെ വീട്ടിലെത്തി താമസം ആരംഭിച്ചത്. ഇടക്കിടെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.