തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്തിലെ എടക്കരയിൽ ഏഴാം വാർഡിൽ (പായിമ്പാടം) നിന്ന് മത്സരിക്കുന്ന ഹസീന വട്ടത്ത് ആണ് മരിച്ചത്.
പായിമ്പാടം അങ്കണവാടി അധ്യാപിക കൂടിയായ ഹസീന, ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള പ്രചാരണത്തിലും രാത്രി നടന്ന കുടുംബ യോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയ ഇവർക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡിസംബർ 11-ന് മലപ്പുറത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സ്ഥാനാർത്ഥിയുടെ ആകസ്മിക വിയോഗം. സ്ഥാനാർത്ഥിയുടെ മരണം യുഡിഎഫ് ക്യാമ്പിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഹസീനയുടെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.