Share this Article
News Malayalam 24x7
കൂട്ടബലാത്സംഗം; ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 27 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
Defendant

കൂട്ടബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ഒന്നാം പ്രതി 27 വര്‍ഷത്തിനു ശേഷം അറസ്റ്റിലായി. വര്‍ക്കല റാത്തിയ്ക്കല്‍ സ്വദേശി ഇക്ബാലിനെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ബസില്‍ കടത്തികൊണ്ട് പോയി ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

1997 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചല്‍ സ്വദേശിയായ 26 കാരിയെ കുളത്തൂപ്പുഴയില്‍ പോയി മടങ്ങവേ കുളത്തൂപ്പുഴ വര്‍ക്കല റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസില്‍ തട്ടികൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് വര്‍ക്കലയില്‍ ലോഡ്ജുകളിലും റിസോട്ടിലും തടവില്‍ പാര്‍പ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് കേസ്.

ബസുടമയുടെ മകനും ബസിലെ കണ്ടക്ടറുമായിരുന്നു പിടിയിലായ ഇക്ബാല്‍.  യുവതിയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് ഇക്ബാല്‍ ഉള്‍പ്പടെയുള്ള പ്രതികളെ പിടികൂടിയിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒളിവില്‍ പോയ പ്രതി എറണാകുളം ഉള്‍പ്പടെ വിവിധ ഇടങ്ങളില്‍ രഹസ്യമായി താമസിച്ച ശേഷം വിദേശത്തേക്ക് കടന്നു.

പലതവണ ഇക്ബാലിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇക്ബാല്‍ നാട്ടിലെത്തിയെന്ന് അഞ്ചല്‍ പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്.

ഇക്ക്ബാലിന്റെ ഭാര്യ വീടായ പുനലൂര്‍ ഐക്കരകോണത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. അഞ്ചല്‍ സി.ഐ ഹരീഷ്, എസ്.എ പ്രജീഷ്‌കുമാര്‍  എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories