മഹാദുരന്തം തീര്‍ത്ത വയനാട്ടില്‍ സൈന്യത്തിന്റെ പ്രധാന കൈയ്യൊപ്പായിരുന്നു ബെയ്‌ലി പാലം. 31 മണിക്കൂറിനുള്ളില്‍ അടയാളപ്പെടുത്തലായി മാറിയ പാല നിര്‍മാണത്തില്‍ യശസുയര്‍ത്തിയ യുവധീരനായി മലയാളിയായ ലാന്‍സ് നായ്ക് വി.അര്‍ജുനും ഉണ്ടായിരുന്നു.
വയനാടില്‍ ഉണ്ടായ ദുരന്തത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ കുടങ്ങിയവരെ പുറത്തെത്തിക്കാനും ആശ്വാസമേകാനുമായി എത്തിയ സൈനികരില്‍ ഒരാളായികാസര്‍ഗോഡ് വലിയപറമ്പ് സ്വദേശി ലാന്‍സ് നായ്ക് വി.അര്‍ജുനും ഉണ്ടായിരുന്നു.
മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ ബംഗളൂരു കേന്ദ്രത്തിലെ റേഡിയോ ഓപ്പറേറ്ററാണ് ലാന്‍സ് നായ്ക് വി.അര്‍ജുന്‍.സൈന്യത്തില്‍ ഒന്‍പത് വര്‍ഷമായി സേവനം ചെയ്യുന്നു.
ബെയ്‌ലി പാലത്തിന്റെ നിര്‍മാണത്തില്‍ മുഴുവന്‍ സമയവും പങ്കാളിയായിരുന്നു അര്‍ജുന്‍. 20 ട്രക്കുകളിലായി പാലത്തിന്റെ പാനലുകള്‍ ബംഗളൂരുവില്‍ നിന്നാണ് ചൂരല്‍മലയിലേക്ക് കൊണ്ടുവന്നത്.
ഒരൊറ്റ തൂണിന്റെ പിന്തുണയില്‍ നിര്‍മിച്ച പാലത്തിനായി 19 പാനലുകളാണ് ഉപയോഗിച്ചത്. വയനാട്ടില്‍ നിര്‍മിച്ച 24 ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്ന സ്റ്റീല്‍ ട്രസ് പാലം പൂര്‍ത്തിയായ ശേഷമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലായതെന്ന് ലാന്‍സ് നായ്ക് അര്‍ജുന്‍ പറഞ്ഞു.
കാസര്‍ഗോട്ടെ വലിയപറമ്പിലെ കെ.ബാലന്റെയും ഇന്ദിരയുടെയും ഇളയ മകനാണ് അര്‍ജുൻ. ജമ്മു കാഷ്മീരില്‍ വിവിധ ഓപ്പറേഷനുകളിലും അര്‍ജുന്‍ പങ്കാളിയായിട്ടുണ്ട്.