Share this Article
News Malayalam 24x7
സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു
വെബ് ടീം
posted on 26-11-2025
1 min read
SNEHA

തൃശ്ശൂര്‍: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ(32) ആണ് മരിച്ചത്. പൊറുത്തുശ്ശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ്.ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം.

ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട സ്വകാര്യബസിനെ മറികടന്നു വന്ന 'റീബോണ്‍' എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌നേഹയുടെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചുവെന്നും ബസിന്റെ പിന്‍ചക്രം സ്‌നേഹയുടെ തലയിലൂടെ കയറിയിറങ്ങിയെന്നും നാട്ടുകാര്‍ പറഞ്ഞു. ബസ് ജീവനക്കാര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സ്‌കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.ബസ് അപകടത്തില്‍ ഒട്ടേറെ മരണങ്ങള്‍ നടന്ന പ്രദേശമാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തിന് കാരണമായ രണ്ട് സ്വകാര്യ ബസുകള്‍ തീയിട്ട് നശിപ്പിച്ചത് ഉള്‍പ്പടെ നിരവധി സംഘര്‍ഷങ്ങള്‍ അപകടം മൂലം ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്.

ഭര്‍ത്താവ്: ജെറി ഡേവിസ്(അസിസ്റ്റന്റ് പ്രൊഫസര്‍,തൃശ്ശൂര്‍ ഗവ.എന്‍ജിനീയറിങ് കോളേജ്) മക്കള്‍:അമല(അഞ്ച് വയസ്)ആന്‍സിയ(ഒരു വയസ്).


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories