പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ (രണ്ട് വയസ്സ്) എന്നിവരാണ് മരിച്ചത്. പാലക്കാട് ഭാഗത്ത് നിന്നും ഒറ്റപ്പാലത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്.
നിയന്ത്രണം വിട്ട സ്കൂട്ടർ പിന്നീട് റോഡിനോട് ചേർന്ന് കൂട്ടിയിട്ടിരുന്ന പൈപ്പിൽ ഇടിച്ചാണ് നിന്നത്. അപകടത്തിന് പിന്നാലെ ഇരുവരെയും കല്ലേക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട വാഹനത്തിന് പിന്നിലുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്കും വീഴ്ചയിൽ നിസാര പരുക്കേറ്റു. അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.