ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത ഇടുക്കി സ്വദേശിയായ 22 വയസ്സുകാരൻ കർണാടക സൈബർ പോലീസിന്റെ പിടിയിൽ. രാജാക്കാട് മുക്കുടിൽ സ്വദേശി അദ്വൈതിനെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ ഓൺലൈൻ സേവനങ്ങൾ, വിദേശത്ത് ജോലി, പണം ഇരട്ടിയാക്കൽ, സോഷ്യൽ മീഡിയ ബിസിനസ് പ്രൊമോഷൻ, വെബ്സൈറ്റ് നിർമ്മാണം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 20 ലക്ഷം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായി വിവരമുണ്ട്. കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനമായ പരാതികൾ നിലവിലുണ്ട്. കർണാടകയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ഇതിലൂടെയായിരുന്നു ഇയാൾ പണം കൈപ്പറ്റിയിരുന്നത്. അദ്വൈതിന്റെ നേതൃത്വത്തിൽ വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായും സൂചനയുണ്ട്. നാട്ടിൽ വാഹന കച്ചവടമാണ് നടത്തുന്നതെന്ന് പറഞ്ഞാണ് ഇയാൾ കഴിഞ്ഞിരുന്നത്.