Share this Article
News Malayalam 24x7
തീയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം, രാജ്യത്തെ ഭൂരിഭാഗം പേർക്കും സത്യം അറിയാം,‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യമെന്ന് രാഹുൽ ഗാന്ധി
വെബ് ടീം
posted on 06-03-2026
1 min read
RAHUL GANDHI

കുട്ടിക്കാനം:  വിവാദ സിനിമ കേരള സ്റ്റോറി ആരും കാണുന്നില്ല എന്നത് നല്ല കാര്യമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരള സ്റ്റോറി സിനിമ ആരും കാണുന്നില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യവും സംസ്കാരവും ഈ സിനിമയിൽ കാണിക്കുന്നതല്ലെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി കുട്ടിക്കാനം മരിയൻ കോളജിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴാണ് പ്രതികരണം. കേരളം എന്താണെന്ന് എല്ലാവർക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും പ്രൊപ്പഗാണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു. രാജ്യത്തിന് ഹാനിയുണ്ടാക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ഫെബ്രുവരി 27 ന് തന്നെ ചിത്രം തിയറ്ററുകളിൽ എത്തി. എന്നാൽ 2023 ൽ എത്തിയ ആദ്യ ഭാഗം പോലെ ഉത്തരേന്ത്യയിൽ ഒരു ട്രെൻഡ് സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. കേരളത്തിലെ ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം ചിത്രം ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത് 24 ലക്ഷം രൂപയാണ്. 20 കോടിയോളം മുടക്കുമുതൽ ഉണ്ടായിരുന്ന ആദ്യ ഭാഗം ബോക്സ് ഓഫീസിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.

രണ്ട് ഭാഗങ്ങളുടെയും നിർമ്മാതാവ് ഒരേ ആൾ ആണെങ്കിലും സംവിധായകർ രണ്ട് പേരാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് സുദീപ്തോ സെൻ ആയിരുന്നെങ്കിൽ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായൺ സിംഗ് ആണ്.

രാവിലെ  ശ്രീ നാരായണഗുരു- മഹാത്മാഗാന്ധി മഹാംസംഗമ ശതാബ്ദിയാഘോഷ സമാപന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പങ്കെടുത്തു.  ചടങ്ങ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു.ഞാൻ ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയാണ് പോരാടുന്നതെന്നും നാരായണഗുരുവിന്റെ തത്വങ്ങൾ ഭരണഘടനയുടെ ഉള്ളടക്കത്തിൽ അടങ്ങിയത് അത്ഭുതകരമായി തോന്നിയെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. താഴെക്കിടയിലുള്ളവരെ പരിഗണിക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നതെന്നും ശ്രീനാരായണഗുരു പറഞ്ഞതും അതുതന്നെയാണെന്ന് രാഹുൽ ​ഗാന്ധി ചൂണ്ടികാട്ടി. വിട്ടുവീഴ്ചയും ക്ഷമയുമാണ് ഭരണഘടനയുടെ അന്തസത്ത. ഗുരുവും അതാണ് പറഞ്ഞതെന്ന് അദേഹം വ്യക്തമാക്കി.സത്യത്തെ കുറിച്ചാണ് ഗാന്ധിയും ഗുരുവും സംസാരിച്ചത്. നാരായണ ഗുരുവിന്റെ പ്രതിമയുടെ മുന്നിൽ വന്ന് പുഷ്പാർച്ചന നടത്താൻ എളുപ്പമാണ്, അത് ആർക്കും ചെയ്യാൻ പറ്റും. പക്ഷേ ഗുരുവിന്റെ തത്വങ്ങൾ വിരിച്ച പാതയിലൂടെ സഞ്ചരിക്കുകയാണ് വേണ്ടതെന്നും രാഹുൽ ​ഗാന്ധി ചൂണ്ടികാട്ടി.ശ്രീനാരായണഗുരുവും ​ഗാന്ധിജിയും എതിർത്ത കാര്യങ്ങളാണ് രാഷ്ട്രീയത്തിൽ നടക്കുന്നതെന്നും അദേഹം വിമർശിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല രാജ്യാന്തര സ്ഥിതി വിശേഷത്തിലും ആളുകൾ ഇരുട്ടിലേക്ക് കൂപ്പുകുത്തുന്നെന്നും അദേഹം വിമർശിച്ചു. അപരനെ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ ശ്രമിക്കുന്നില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഗുരുവിന്റെ തത്വങ്ങൾ സ്വീകരിക്കാനും അതിലൂടെ സഞ്ചരിക്കാനും തയ്യാറാകണമെന്നും അധികാരശക്തിയോ മേധാവിത്വമോ ഇല്ലാത്ത ​ഗാന്ധിജിയെ മാതൃകയാക്കണമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories