Share this Article
News Malayalam 24x7
രണ്ടാഴ്ച ചാറ്റ്, ലുലു മാളിൽ വന്നാല്‍ കാണാമെന്ന് 20കാരി; പാഞ്ഞെത്തിയ യുവാവിന്‍റെ സ്കൂട്ടറും മൊബൈലും കവർന്നു, യുവതി പിടിയിൽ
വെബ് ടീം
14 hours 4 Minutes Ago
1 min read
APARNA

കൊച്ചി: വാട്സ്ആപ് ചാറ്റിലൂടെ പരിചയപ്പെട്ടു രണ്ടാഴ്ച മാത്രം ചാറ്റ് നടത്തി യുവാവിന്റെ സ്കൂട്ടർ അടിച്ചുമാറ്റി മുങ്ങിയ യുവതി മുളന്തുരുത്തിയിൽ പിടിയിൽ. കൊച്ചി എളമക്കര സ്വദേശി അപർണ (20) ആണ് പിടിയിലായത്. അപർണയുടെ സുഹൃത്ത് എടയ്ക്കാട്ടുവയൽ സ്വദേശി സോജനെയും (25) കളമശ്ശേരി പൊലീസ് പിടികൂടി. രണ്ടാഴ്ച ചാറ്റ് ചെയ്ത ശേഷം, ആദ്യ കൂടിക്കാഴ്ചയിലാണ് കൈപ്പട്ടൂർ സ്വദേശിയായ യുവാവിന്റെ സ്കൂട്ടറും ഫോണും അപർണ അടിച്ചുമാറ്റിയത്.

കൈപ്പട്ടൂർ സ്വദേശിയായ യുവാവിന് പരിചയമില്ലാത്ത നമ്പറിൽ നിന്നും വാട്സാപിൽ വന്ന മെസേജിലാണ് ബന്ധത്തിന്റെ തുടക്കം. പിന്നീട് ചാറ്റുകളുടെ എണ്ണം കൂടി. സൗപർണിക എന്ന പേരിലായിരുന്നു അപർണ യുവാവിന് മെസേജ് അയച്ചിരുന്നത്. ഒരു ദിവസം അപർണ യുവാവിനെ ഇഷ്ടമാണെന്ന് പറഞ്ഞു. പിന്നീട് ചാറ്റിലൂടെ ബന്ധം തുടർന്നു. ഒടുവിൽ ഇരുവരും നേരിൽ കാണാൻ തീരുമാനിച്ചു. നവംബർ ആറിന് ഇടപ്പള്ളി ലുലു മാളിലെ ഫുഡ്കോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഫുഡ് കോർട്ടിൽ നിന്ന് ചായയും, മറ്റൊരിടത്തുനിന്ന് ജ്യൂസും കഴിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിന്റെ ഫോൺ അപർണ എടുത്തു നോക്കിയിരുന്നു. പിന്നീട് അതിന്റെ പാസ്‌വേർഡ് മാറ്റി, സ്കൂട്ടറിന്റെ താക്കോലടക്കം തന്റെ ബാഗിൽ വച്ചു. പിരിയുമ്പോൾ തരാം എന്നായിരുന്നു യുവാവിനോട് അപർണ പറഞ്ഞത്.

ഭക്ഷണം കഴിച്ച് യുവാവ് കൈ കഴുകാൻ പോയി തിരിച്ചു വന്നപ്പോൾ ടേബിൾ കാലി. യുവതിയുമില്ല, ഫോണുമില്ല സ്കൂട്ടറിന്റെ താക്കോലുമില്ല.താഴെ പാർക്ക് ചെയ്ത സ്ഥലത്തെത്തി നോക്കിയപ്പോൾ സ്കൂട്ടർ കാണാനില്ല. യുവാവ് വേഗം വീട്ടിലെത്തി മറ്റൊരു ഫോണിൽ നിന്നും തന്റെ ഫോണിലേക്കും, അപർണയുടെ ഫോണിലേക്കും പലതവണ വിളിച്ചു. പ്രതികരണം ഉണ്ടായില്ല. അങ്ങനെയാണ് യുവാവ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും യുവതിയെ തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഫോണും സ്കൂട്ടറിന്റെ താക്കോലുമായി മുങ്ങിയ അപർണ നേരെ പോയത് താഴെ കാത്തുനിന്ന സുഹൃത്ത് സോജന്റെ അടുത്തേക്കായിരുന്നു. ഇരുവരും ചേർന്ന് സ്കൂട്ടർ എടുത്ത് നേരെ പോയത് കോയമ്പത്തൂരിലേക്ക്. അവിടെ നിന്നും മൈസൂരു. തിരികെ പാലക്കാട് എത്തിയപ്പോൾ സ്കൂ‌ട്ടർ കേടായതോടെ വഴിയിൽ ഉപേക്ഷിച്ചു. ഇരുവരും എറണാകുളം മുളന്തുരുത്തിയിൽ തിരികെയെത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും റിമാൻഡ് ചെയ്തു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories