പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അടുത്ത ശാസ്ത്രോത്സവത്തിനു സ്വർണക്കപ്പ് ഉണ്ടാകുമെന്നും സമ്മാനതുക കൂട്ടുമെന്നും മന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചടങ്ങിൽ പങ്കെടുത്തു.ശാസ്ത്രമേള വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവരുള്ള വേദിയിലേക്കാണ് രാഹുൽ എത്തിയത്. അതേസമയം, ലൈംഗികാതിക്രമത്തിന് കേസ് നേരിടുന്ന എം.എൽ.എക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബി.ജെ.പി കൗൺസിലർ മിനി കൃഷ്ണകുമാർ വേദിവിട്ടിറങ്ങിപ്പോയി. ലൈംഗിക ആരോപണം നേരിടുന്ന രാഹുലിനൊപ്പം വേദി പങ്കിടേണ്ടെന്നാണ് ബിജെപി തീരുമാനം.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ള 8,500 കുട്ടികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. പുതുക്കിയ മാന്വൽ പ്രകാരം ഇത്തവണ സാമൂഹിക ശാസ്ത്രമേളയിലെ എല്ലാ ഇനങ്ങളും തത്സമയമാക്കി. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ചരിത്ര സെമിനാർ പുതുതായി ഉൾപ്പെടുത്തി.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ 14 ജില്ലകളിൽനിന്നായി 8500 വിദ്യാർഥികളാണ് നാലു ദിവസങ്ങളിൽ മാറ്റുരക്കുന്നത്. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയം, വി.എച്ച്.എസ്.സി എക്സ്പോ വിഭാഗങ്ങളിലായി നഗരത്തിലെ ആറു വേദികളിലാണ് മത്സരം. ദിവസവും വൈകീട്ട് 3.30 മുതൽ അഞ്ചു വരെ പൊതുജനങ്ങൾക്ക് ശാസ്ത്രോത്സവം കാണാം.