Share this Article
News Malayalam 24x7
തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഒരു പ്രതി കൂടി പിടിയില്‍
Third Arrest Made in Thiruvalla Spa Assault Case

തിരുവല്ലയിൽ സ്പാ ജീവനക്കാരികളെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നിരണം സ്വദേശിയായ വരുണിനെ (24) ആലുവയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസിൽ ഒന്നാം പ്രതിയായ 'മരണ സുബിൻ' എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ, കോട്ടാളി ബെർലിൻ ദാസ് എന്നിവരെ സംഭവം നടന്ന ഫെബ്രുവരി മൂന്നിന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് ഷാഡോ പൊലീസും പ്രത്യേക സംഘവും നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ഞായറാഴ്ച അർദ്ധരാത്രിയോടെ വരുൺ പിടിയിലായത്. പ്രതി തന്റെ മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്തത് ലൊക്കേഷൻ കണ്ടെത്താൻ പൊലീസിനെ സഹായിച്ചു. പിടിയിലായ വരുണിനെ തിരുവല്ലയിൽ എത്തിച്ച് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


കേസിലെ മറ്റ് മൂന്ന് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇവർ സംസ്ഥാനം വിട്ടതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്പി ആർ. നജീബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.


ആക്രമണം നടന്നത് മറ്റൊരു സ്പാ ഉടമ നൽകിയ കൊട്ടേഷൻ മൂലമാണോ എന്ന സംശയത്തെക്കുറിച്ചും സ്പാ ഉടമയായ ഡോക്ടർ സഞ്ജയ് ആരോപണമുന്നയിച്ചിട്ടുണ്ട്. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ അതിക്രമം നടത്തിയതെന്ന് അതിജീവിത പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്പായിലെ ഒരു ജീവനക്കാരിക്കും അവരുടെ ആൺസുഹൃത്തിനും കേസിൽ പങ്കുണ്ടോ എന്നുംപൊലീസ് പരിശോധിക്കുന്നുണ്ട്. ഇവർ പ്രതികൾക്ക് സഹായം നൽകിയതായി തെളിഞ്ഞാൽ വരും ദിവസങ്ങളിൽ ഇവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ഇത് കേവലം ഗുണ്ടാപ്പിരിവാണോ അതോ ആസൂത്രിതമായ കൊട്ടേഷനാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories