തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് തൃശ്ശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു. ആലത്തൂരിൽവെച്ച് ഭക്ഷണത്തിനായി വാഹനം നിർത്തിയപ്പോൾ കൈവിലങ്ങ് അഴിച്ചതിന് ശേഷമാണ് ഇയാൾ ഓടി രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബാലമുരുകനെ പിടികൂടാനായി തൃശ്ശൂർ ജില്ലയിലും സംസ്ഥാന അതിർത്തികളിലും പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
ഇന്നലെ രാത്രി ഏകദേശം 10 മണിയോടെയാണ് സംഭവം. കേസാവശ്യങ്ങൾക്കായി തമിഴ്നാട് പൊലീസ് ബാലമുരുകനുമായി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് വരികയായിരുന്നു. ആലത്തൂരിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി വണ്ടി നിർത്തിയപ്പോൾ കൈവിലങ്ങ് അഴിച്ചെന്നും, ഈ സമയം പൊലീസ് ഉദ്യോഗസ്ഥർ കാറിൽ ഇരിക്കുകയായിരുന്നുവെന്നും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് തമിഴ്നാട് പൊലീസിന്റെ മൊഴി. എന്നാൽ, കൈവിലങ്ങ് ഊരിയിരുന്നില്ലെന്നും ഒരാൾ മാത്രമാണ് പ്രതിക്കൊപ്പം പുറത്തിറങ്ങിയതെന്നുമുള്ള മൊഴികളും പുറത്തുവന്നിട്ടുണ്ട്. ഈ മൊഴികളിലെ വൈരുദ്ധ്യത്തിൽ കേരളാ പോലീസ് വ്യക്തത തേടും. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
50-ലധികം കേസുകളിൽ പ്രതിയായ ബാലമുരുകൻ നേരത്തെയും സമാനമായ രീതിയിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. തമിഴ്നാട് പൊലീസിന്റെ വാഹനത്തിൽനിന്ന് ഇയാൾ ചാടിപ്പോയ ചരിത്രവുമുണ്ട്. രക്ഷപ്പെട്ട പ്രതി ഒരു ബൈക്കുമായി കടന്നുകളയാൻ സാധ്യതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അതിനാൽ, ബൈക്കുകളിൽ താക്കോൽ വെക്കരുതെന്നും മോഷ്ടിച്ച ബൈക്കുകളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഒരു മണിക്കൂറിനകം വിവരമറിഞ്ഞ പൊലീസ് ജില്ലയിലെ ചെക്ക്പോസ്റ്റുകളിലും മറ്റ് പൊലീസ് സ്റ്റേഷനുകളിലും വിവരം കൈമാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇയാൾക്കായി വ്യാപകമായ തിരച്ചിൽ തുടരുകയാണ്.