Share this Article
KERALAVISION TELEVISION AWARDS 2025
ഭർത്താവിനെ തലയ്ക്കടിച്ചുകൊന്ന റോസമ്മയ്ക്ക് ജീവപര്യന്തം; ദയ അർഹിക്കാത്ത കുറ്റമെന്ന് കോടതി
വെബ് ടീം
posted on 25-10-2025
1 min read
chackochan

തളിപ്പറമ്പ്: ഭർത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട്‌ തലയ്‌ക്കടിച്ചുകൊന്ന കേസിൽ ഭാര്യയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പെരിങ്ങോം വയക്കര മുളപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ(62) തലക്കടിച്ചുകൊന്ന കേസിൽ ഭാര്യ റോസമ്മ(60) യെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്ത് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.

2013 ജൂലൈ ആറിന് പുലർച്ചെ വീടിനോട് ചേർന്നുള്ള റോഡിലാണ് ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബവഴക്കിനെത്തുടർന്ന് വീട്ടിൽ കൊലനടത്തി 30 മീറ്ററോളം അകലെ റോഡിൽ കൊണ്ടിട്ടതായാണ് പെരിങ്ങോം പൊലീസ് രജിസ്റ്റർചെയ്ത കേസ്‌. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്മാനായിരുന്നു ചാക്കോച്ചൻ. ചാക്കോച്ചന്റെ പേരിലുള്ള സ്ഥലവും വീടും റോസമ്മയുടെപേരിൽ എഴുതി നൽകണമെന്നാവശ്യപ്പെട്ടുള്ള വഴക്കാണ്‌ കൊലയിൽ കലാശിച്ചത്‌. കവുങ്ങിന്‌ മരുന്നടിക്കുന്ന മെഷീന്റെ ഇരുമ്പ് പൈപ്പുകൊണ്ട്‌ തലയ്‌ക്കടിക്കുകയായിരുന്നു.കൊലനടത്തി മൃതദേഹം വലിച്ചുകൊണ്ടുപോയതും ആയുധം ഒളിപ്പിച്ചുവച്ചതും ദയ അർഹിക്കാത്ത കുറ്റമാണെന്ന്‌ കോടതി കണ്ടെത്തി.

തളിപ്പറമ്പിൽ അഡീഷണൽ സെഷൻസ്‌ കോടതി പ്രവർത്തനമാരംഭിച്ചശേഷം വിധിപറഞ്ഞ ആദ്യ കൊലപാതകക്കേസാണിത്‌. കോടതിയിൽ ചാക്കോച്ചൻ്റെ സഹോദരങ്ങളായ കുര്യാക്കോസ്, ജോർജ് കുട്ടി എന്നിവർ ഹാജരായി. ചാക്കോച്ചൻ റോസമ്മ ദമ്പതികൾക്ക് രണ്ട് മക്കളാണ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. യു രമേശനും ഹാജരായി. റോസമ്മയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories