താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരി അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വൈറൽ ന്യൂമോണിയയാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നതോടെ, കുഞ്ഞിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുകയാണ്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതിയായ പിതാവ് സനൂബിനെ ഇന്ന് തെളിവെടുപ്പിനായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിക്കും.
ആരോഗ്യവകുപ്പ് അധികൃതർ നേരത്തെ കുട്ടി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം കാരണമാണെന്നാണ് കുടുംബത്തെയും പൊതുസമൂഹത്തെയും അറിയിച്ചിരുന്നത്. എന്നാൽ, ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന നിലപാടിലായിരുന്നു പിതാവ് സനൂബ്. ഈ വാദത്തിന് പിന്തുണയുമായി ആരും ഉണ്ടായിരുന്നില്ലെങ്കിലും, ഇന്നലെ പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കുടുംബത്തിന്റെ വാദങ്ങൾക്ക് ശക്തി പകരുന്നതാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വൈറൽ ന്യൂമോണിയ ആണെന്ന് വ്യക്തമാക്കുന്നു.
മരണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സനൂബ് ആക്രമിക്കുന്നത്. ഈ സംഭവത്തിൽ റിമാൻഡിലായിരുന്ന സനൂബിനെ രണ്ടു ദിവസത്തേക്ക് താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഈ കസ്റ്റഡിയിലിരിക്കെയാണ് ഇന്ന് തെളിവെടുപ്പ് നടത്തുന്നത്.
നിലവിൽ ഡോക്ടർമാർക്കും ആരോഗ്യവകുപ്പിനും എതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബം. ഇതിനായി നിയമവിദഗ്ധരുമായി കുടുംബം കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. നിയമപരമായ നടപടികൾക്ക് തടസ്സമാകാതിരിക്കാൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്നും കുടുംബം അറിയിച്ചു. അതേസമയം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് പോകുന്ന വഴി താമരശ്ശേരി താലൂക്ക് ആശുപത്രി സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. കോ