താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴിയറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ 300-ൽ അധികം പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പ്ലാന്റിന് തീയിട്ട സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തീയിട്ടവർക്ക് പ്ലാന്റിനുള്ളിലുണ്ടായിരുന്ന തൊഴിലാളികളെ കൊല്ലണമെന്ന ലക്ഷ്യമുണ്ടായിരുന്നതായി എഫ്.ഐ.ആറിൽ പൊലീസ് പറയുന്നു.പോലീസ് നടപടിയിൽ പ്രതിഷേധിച്ച് താമരശ്ശേരിയിലും സമീപ വാർഡുകളിലും ഇന്ന് ഹർത്താൽ നടക്കുകയാണ് .
കഴിഞ്ഞ അഞ്ച് വർഷമായി പ്രദേശത്ത് ദുർഗന്ധം വമിപ്പിക്കുകയും ഇരുതുള്ളിപ്പുഴയെ മലിനമാക്കുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ഫ്രഷ് കട്ട് പ്ലാന്റിനെതിരെ സമരം നടത്തിവരികയായിരുന്നു . എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ഈ സമരത്തിനുണ്ട് . മാലിന്യവുമായി വന്ന വാഹനം പോലീസ് കാവലിൽ പ്ലാന്റിലേക്ക് കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കുകയും സംഘർഷം ഉണ്ടാകുകയും ചെയ്തത് .
സമരക്കാർക്കെതിരെ പൊലീസ് ഗ്രനൈഡ് പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത് . സംഘർഷത്തിൽ 30-ഓളം സമരക്കാർക്കും, കോഴിക്കോട് റൂറൽ എസ്.പി. കെ. ഇ. ബൈജു, താമരശ്ശേരി എസ്.എച്ച്.ഒ. എ. സായോജികുമാർ തുടങ്ങി 19 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. പ്ലാന്റിന് തീയിട്ടതുമായി ബന്ധപ്പെട്ട് അഞ്ചു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പോലീസ് റിപ്പോർട്ട് .
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് 300-ൽ അധികം പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്ലാന്റിന് തീയിട്ട സംഭവത്തിൽ 30-ഓളം പേർക്കെതിരെയാണ് കേസ്.