Share this Article
KERALAVISION TELEVISION AWARDS 2025
തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം; രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
Newborn Death

തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമെന്ന് പൊലീസ്..ആദ്യ കുട്ടി ജനിച്ച ഉടന്‍ തന്നെ മരിച്ചിരുന്നതായി കുട്ടികളുടെ അമ്മ വെള്ളിക്കുളങ്ങര സ്വദേശി  അനീഷ ചോദ്യം ചെയ്യലില്‍  പോലീസിനോട് പറഞ്ഞു.രണ്ടാമത്തെ കുഞ്ഞ് ജനിച്ച ഉടനെ കൊലപ്പെടുത്തി മൃതദേഹം സ്‌കൂട്ടറില്‍ കുട്ടികളുടെ പിതാവായ ഭവിന്റെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചെന്നും അനീഷ  മൊഴി നല്‍കി.



തൃശ്ശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ടങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ആമ്പലൂര്‍ സ്വദേശിയായ ഭവിനെന്ന യുവാവ് പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത് ഇന്ന് പുലര്‍ച്ചെ. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. 2021 ലായിരുന്നു ആദ്യ പ്രസവം. കുട്ടി പ്രസവത്തില്‍ മരിച്ചു. മൃതദേഹം മറ്റാരും കാണാതെ  അനീഷ സ്വന്തം വീട്ടു പറമ്പില്‍ തന്നെ മറവ് ചെയ്തു.മൃതദേഹം അഴുകിയതോടെ ഭവിന്റെ നിര്‍ദ്ദേശപ്രകാരം അസ്ഥികള്‍ വീട്ടില്‍ എത്തിച്ചു നല്‍കി.


 പിന്നീട് 2024ലാണ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്.യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചായിരുന്നു പ്രസവം.കുഞ്ഞിനെ കൊലപ്പെടുത്തി  മൃതദേഹവുമായി യുവതി സ്‌കൂട്ടറില്‍ ഭവിന്റെ വീട്ടില്‍ എത്തി. ഭവിന്റെ വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ടു.ഇരു മൃതദേഹങ്ങളില്‍ നിന്നും അസ്ഥികള്‍ എടുത്ത് സൂക്ഷിച്ചത് ഭവിന്‍ ആണ്. ഈ വിവരം  സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. മരിച്ച കുട്ടികള്‍ക്ക് അന്ത്യകര്‍മ്മം ചെയ്യാനാണ് അസ്ഥി സൂക്ഷിച്ചതെന്ന് ഭവിന്‍ അനീഷയെയും വിശ്വസിപ്പിച്ചു. അനീഷയുമായുള്ള ബന്ധം പിരിയേണ്ടിവന്നാല്‍ അസ്ഥികള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്താം എന്നും പ്രതി കരുതിയിരുന്നു.


അനീഷയും ഭവിനും തമ്മില്‍ 2020 മുതലാണ് അടുപ്പം ആരംഭിച്ചത്.പിന്നീട് ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടയിലാണ് കുട്ടികള്‍ ജനിക്കുന്നത്. 2024 ഓടെ ഇരുവരും തമ്മില്‍ അകന്നു. ഇതേചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഭവിന്‍ അസ്ഥിയുമായി സ്റ്റേഷനില്‍ എത്തിയത്.ചാലക്കുടി ഡിവൈഎസ്പി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.ഫോറന്‍സിക് പരിശോധനകളും ശാസ്ത്രീയ പരിശോധനകളും കേസില്‍ തുടരും. പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും അന്വേഷണസംഘത്തിന് നീക്കമുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories