കൊച്ചി: സിപിഐഎം നേതാവ് കെ.ജെ.ഷൈൻ ടീച്ചർക്കെതിരായ അപവാദപ്രചരണത്തിലും സൈബർ ആക്രമണത്തിലും പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ.ഗോപാലകൃഷ്ണൻ അറസ്റ്റിൽ. ഒന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗോപാലകൃഷ്ണന്റെ അറസ്റ്റ് ചെയ്തത്.തനിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത് ഗോപാലകൃഷ്ണൻ ആയിരുന്നുവെന്ന് കെ.ജെ.ഷൈൻ ടീച്ചർ ആരോപിച്ചിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ എടുത്ത കേസിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ.
കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യത്തിനായി ഗോപാലകൃഷ്ണൻ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണ് ഗോപാലകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചതോടെ ഹർജി കോടതി തീർപ്പാക്കി. ഇതിനുശേഷമാണ് ഗോപാലകൃഷ്ണൻ ഇന്ന് ഉച്ചയോടെ എറണാകുളം റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഗോപാലകൃഷ്ണനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.