ആലുവ: ഉച്ചയോടെ വോട്ട് ചെയ്ത് ദിലീപും കാവ്യയും. ആലുവ നഗരസഭയിലെ പോളിങ് ബൂത്തിലെത്തി സഹോദരനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ദിലീപ് വോട്ട് ചെയ്യാനെത്തിയത്.കോടതി വിധിക്ക് ശേഷം കാവ്യയും ദിലീപും ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയാറായില്ല.തിങ്കളാഴ്ച രാവിലെയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി വന്നത്. എട്ടു വർഷത്തിനു ശേഷമാണ് കാത്തിരുന്ന വിധി എത്തിയത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കുറ്റക്കാർക്കുള്ള ശിക്ഷാവിധി 12ന് ഉണ്ടാകും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.