കോഴിക്കോട് വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജ (71), പുഷ്പ (68) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം താമസിച്ചിരുന്ന സഹോദരൻ പ്രമോദിനെ സംഭവത്തിന് പിന്നാലെ കാണാതായി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. സഹോദരി ശ്രീജ മരിച്ചുവെന്ന് പ്രമോദ് ഒരു ബന്ധുവിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ രണ്ട് സഹോദരിമാരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, വിവരം അറിയിച്ച പ്രമോദ് സ്ഥലത്തുണ്ടായിരുന്നില്ല.
മൃതദേഹങ്ങൾ വെള്ളത്തുണി കൊണ്ട് മൂടിയ നിലയിലായിരുന്നു. ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സഹോദരൻ പ്രമോദ് ലോട്ടറി കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. മൂവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പ്രമോദിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി കാണിച്ചത് ഫാറൂഖ് ആണെന്നും പിന്നീട് സ്വിച്ച് ഓഫ് ആയെന്നും പൊലീസ് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പ്രമോദിനെ കണ്ടെത്തിയാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.