ഭക്തിയും പ്രകൃതിയും ഒന്നാകുന്ന അപൂർവ്വ കാഴ്ചയൊരുക്കി ശബരിമല സന്നിധാനത്ത് 'ശബരി നന്ദനം' പൂന്തോട്ടം ഒരുങ്ങി. അയ്യപ്പനെ തൊഴാനെത്തുന്ന ഭക്തർക്ക് മനംകുളിർക്കുന്ന അനുഭവമാണ് ഈ മനോഹരമായ പൂന്തോട്ടം സമ്മാനിക്കുന്നത്. സന്നിധാനത്തെ പാണ്ടിത്താവളത്തിന് സമീപമുള്ള 39 സെന്റ് സ്ഥലത്താണ് ശബരി നന്ദനം സ്ഥിതി ചെയ്യുന്നത്.
സ്വാമിയുടെ നിത്യപൂജകൾക്കും മറ്റ് കർമ്മങ്ങൾക്കുമായി സന്നിധാനത്ത് തന്നെ പുഷ്പങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. 70 മീറ്റർ നീളവും 22.5 മീറ്റർ വീതിയുമുള്ള ഈ പൂന്തോട്ടം 1575 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്.
വിവിധയിനത്തിലുള്ള 1200 മുല്ലച്ചെടികൾ, 750 റോസച്ചെടികൾ, 1000 ചെത്തിച്ചെടികൾ എന്നിവയാണ് ഇവിടെ പ്രധാനമായും നട്ടുപിടിപ്പിച്ചിരിക്കുന്നത്. കൂടാതെ ജമന്തി, തുളസി എന്നിവയും തോട്ടത്തിലുണ്ട്. ഗണപതി ഹോമത്തിന് ആവശ്യമായ ശംഖുപുഷ്പവും ഇവിടെ പ്രത്യേകമായി നട്ടു വളർത്തുന്നുണ്ട്. കീടങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനായി തോട്ടത്തിന് ചുറ്റും ബന്തിച്ചെടികളും നട്ടിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മരാമത്ത് വിഭാഗമാണ് പൂന്തോട്ടത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. ചെടികൾക്കിടയിൽ കളകൾ വളരുന്നത് തടയാനായി മൾച്ചിംഗ് ഷീറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. തോട്ടം നനയ്ക്കുന്നതിനായി 40 സ്പ്രിംഗ്ലറുകളും സ്ഥാപിച്ചു. ഗോശാലയിൽ നിന്നുള്ള ചാണകവും മറ്റ് ജൈവവളങ്ങളുമാണ് ചെടികൾക്ക് ഉപയോഗിക്കുന്നത്.
പത്തനംതിട്ട അടിച്ചിപ്പുഴ സ്വദേശി ടി.എസ്. സജിത്താണ് തോട്ടത്തിന്റെ ദൈനംദിന പരിപാലനം നടത്തുന്നത്. പുഷ്പാഭിഷേകത്തിനും മറ്റുമായി പുറത്തുനിന്നാണ് പൂക്കൾ എത്തിക്കുന്നതെങ്കിലും, പൂജകൾക്കും നിത്യേനയുള്ള മറ്റ് ആവശ്യങ്ങൾക്കും ഇവിടെ നിന്നുള്ള പുഷ്പങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്ന് മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ജി. മനോജ് കുമാർ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇവിടെ ചെടികൾ നട്ടു തുടങ്ങിയത്. സന്നിധാനത്തെത്തുന്ന ഭക്തർക്ക് ഏറെ കൗതുകവും ആശ്വാസവും നൽകുന്ന ഒന്നായി ശബരി നന്ദനം മാറിയിരിക്കുകയാണ്.