Share this Article
KERALAVISION TELEVISION AWARDS 2025
പാലക്കാട്‌ ആൾകൂട്ടക്കൊലപാതകം; അന്വേഷണം ഊർജ്ജിതമാക്കിമാക്കി ക്രൈംബ്രാഞ്ച്
Palakkad Walayar Case

പാലക്കാട് വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു. ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായൺ വയ്യാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കഞ്ചിക്കോട് കിൻഫ്രയിൽ ജോലി അന്വേഷിച്ച് രാംനാരായൺ പാലക്കാട് എത്തുന്നത്. വഴിതെറ്റി അട്ടപ്പള്ളത്ത് എത്തിയ ഇയാളെ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന ചില സ്ത്രീകൾ കാണുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. മോഷ്ടാവാണെന്ന സംശയത്തിൽ നാട്ടുകാർ ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് മണിക്കൂറുകളോളം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.


മണിക്കൂറുകൾ നീണ്ട ക്രൂര മർദ്ദനമാണ് രാംനാരായൺ ഏറ്റുവാങ്ങിയത്. ഇയാളുടെ തല മുതൽ കാൽ വരെ നാൽപ്പതിലധികം മുറിവുകൾ ഉണ്ടായിരുന്നതായും ശരീരത്തിൽ നിലത്തിട്ട് വലിച്ചിഴച്ചതിന്റെ അടയാളങ്ങൾ ഉണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയ്ക്കും ശരീരത്തിനുമേറ്റ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ പതിനഞ്ചോളം പേർ ചേർന്നാണ് രാംനാരായണനെ മർദ്ദിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളുടേതടക്കം സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. എന്നാൽ പൊലീസ് ഫോണുകൾ പിടിച്ചെടുക്കുന്നതിന് മുൻപ് തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഡീലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മർദ്ദനത്തിന്റെ വീഡിയോകളും ചിത്രങ്ങളും പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്യും. ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കാൻ സാധ്യതയുണ്ട്.


അറസ്റ്റിലായവർക്ക് പുറമെ സംഭവത്തിൽ ഉൾപ്പെട്ട മറ്റു ചിലർ അയൽസംസ്ഥാനങ്ങളിലേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. മൂന്ന് വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് രാംനാരായൺ മാനസികമായി പ്രയാസമനുഭവിച്ചിരുന്നതായും വിവരമുണ്ട്. അന്വേഷണ സംഘം സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക തെളിവുകൾ ശേഖരിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories