നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ച നാലാം ക്ലാസുകാരിയെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. കുട്ടിയുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തുമെന്നും വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ പിതാവ് അൻസാർ, രണ്ടാനമ്മ ഷബീന എന്നിവരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ചാരുംമൂടുള്ള കുട്ടിയുടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് വിദ്യാഭ്യാസ ഡയറക്ടർക്കും എംഎൽഎക്കും ഒപ്പം മന്ത്രി കുട്ടിയെ കണ്ടത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 'സുരക്ഷാ മിത്ര' എന്ന പേരിൽ പുതിയ കർമ്മ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സ്കൂളുകളിലെ അധ്യാപകരുടെ മുറിയിൽ 'ഹെൽപ്പ് ബോക്സ്' സ്ഥാപിക്കും. കുട്ടികൾക്ക് അവരുടെ പരാതികളും വിഷമങ്ങളും പേര് വെളിപ്പെടുത്താതെ എഴുതി ഈ ബോക്സിലിടാം. ആഴ്ചയിലൊരിക്കൽ പ്രധാനാധ്യാപകരുടെ നേതൃത്വത്തിൽ ഈ പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
സ്കൂളിലെത്തിയ കുട്ടിയുടെ കവിളിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകരാണ് പീഡനവിവരം അധികാരികളെ അറിയിച്ചത്. വനിതാ ശിശുവികസനം, ആരോഗ്യം, സാമൂഹ്യനീതി, തദ്ദേശസ്വയംഭരണം, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.