മലപ്പുറം: തൃണമൂലിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്നമാണ് പത്രിക തള്ളാനുള്ള കാരണമെന്നും നിലമ്പൂരിൽ സ്വതന്ത്രനായി മത്സര രംഗത്തുണ്ടാകുമെന്നും പി വി അൻവർ.ജനങ്ങളുടെ സ്ഥാനാർഥിയായി മത്സര രംഗത്തുണ്ടാകും.
'പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്ത പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. ആ പാർട്ടി മറ്റു സംസ്ഥാനങ്ങളിൽ മത്സരിക്കണമെങ്കിൽ ആ രജിസ്ട്രേഷൻ അതാത് സംസ്ഥാനങ്ങളിൽ എൻഡോഴ്സ് ചെയ്യണമെന്നാണ് നിയമം. പക്ഷേ, ത്രിപുരയിലും അസമിലും പാർട്ടിയുടെ കത്തിന്റെ പുറത്ത് അനുവദിച്ചിട്ടുണ്ടെന്ന ധൈര്യത്തിലാണ് ഇങ്ങനൊരു ശ്രമം നടത്തിയത്.'- അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
'സത്യത്തിൽ എനിക്ക് നല്ല ഭയമുണ്ടായിരുന്നു. ഇവരെല്ലാവരും ഒന്നാണല്ലോ, എല്ലാ ഭരണ സംവിധാനങ്ങൾ അവരുടെ കൈയിലാണ്. മുൻപൊക്കെ അനീതി കണ്ടാൽ എതിർക്കാൻ ഒരു പാർട്ടിയോ സംവിധാനമോ ഉണ്ടായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമ്പോ ഒരു അട്ടിമറി നടക്കുമോ ആശങ്കയിലാണ് എത്തിയത്. 'സത്യത്തിൽ രാവിലെ സുബ്ഹി നമസ്കാരം കഴിഞ്ഞ ഉടനെ എനിക്ക് ഒരു ഉൾവിളി വരികയായിരുന്നു. പോടാ അങ്ങോട്ട് എന്ന് ആരോ പറയുന്നുണ്ടായിരുന്നു. അങ്ങനെ രാവിലെ ഏണീറ്റ് ഇങ്ങോട്ട് പോന്നതാണ്.'- അൻവർ പറഞ്ഞു.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി നൽകിയ നാമനിർദേശ പത്രിക തള്ളിയതിൽ പ്രതികരിക്കുകയായിരുന്നു അൻവർ.