കണ്ണൂർ: മൂന്നര വയസ്സുള്ള കുട്ടിയോടൊപ്പം രാസലഹരി വിൽപനയ്ക്കെത്തിയ ദമ്പതികളെ ഓട്ടോറിക്ഷ വളഞ്ഞ് പൊലീസ് പിടികൂടി.ബെംഗളൂരുവിൽ താമസക്കാരായ കണ്ണൂർ തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 70.66 ഗ്രാം എംഡിഎംഎ പിടികൂടി. തുടർന്ന് കുഞ്ഞിനെ കെയർ ഹോമിലേക്ക് മാറ്റി.
ഷാഹുൽ ഹമീദും നജീമയും രാസലഹരിയുമായി ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ബസിൽ വരുന്നുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചു. ഇന്ന് രാവിലെ ബസിൽ എത്തിയ ദമ്പതികൾ ഓട്ടോറിക്ഷയിൽ ആശുപത്രി പരിസരത്തേക്ക് വരുമ്പോൾ ഡാൻസാഫ് അംഗങ്ങൾ ഓട്ടോറിക്ഷ വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നജീമയുടെ ദേഹത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.നാർക്കോട്ടിക് എസിപി രാജേഷ്, കണ്ണൂർ സിറ്റി എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.