എരഞ്ഞിപ്പാലം സിഗ്നൽ ജംഗ്ഷനിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചു കയറ്റിയ യുവാവിനെ തടഞ്ഞ പ്രഭാവതി അമ്മയ്ക്ക് നാടിന്റെ കൈയടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, വാഹന ഉടമയ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ് (MVD).
നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമയ്‌ക്കെതിരെ കേസെടുക്കാൻ തീരുമാനിച്ച എം.വി.ഡി, വാഹനത്തിന്റെ രേഖകളുമായി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് എരഞ്ഞിപ്പാലം സ്വദേശിനിയായ പ്രഭാവതി അമ്മ സിഗ്നൽ ജംഗ്ഷനിൽ വെച്ച് ഫുട്പാത്തിലൂടെ വന്ന സ്കൂട്ടർ തടഞ്ഞത്.
"ഇതുവഴി വണ്ടി പോകാൻ അനുവദിക്കില്ല" എന്ന് പ്രഭാവതി അമ്മ കടുപ്പിച്ചു പറഞ്ഞപ്പോൾ, "നിങ്ങൾ നിയമം പറയുകയാണോ?" എന്നായിരുന്നു സ്കൂട്ടർ ഓടിച്ച യുവാവിന്റെ മറുചോദ്യം. ആദ്യം തമാശ മട്ടിലാണ് വണ്ടി പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടതെങ്കിലും യുവാവിന്റെ പ്രതികരണം മോശമായതോടെയാണ് താൻ കർശന നിലപാട് സ്വീകരിച്ചതെന്ന് പ്രഭാവതി അമ്മ വ്യക്തമാക്കി.
പൊതുവഴിയിലെ നിയമലംഘനത്തിനെതിരെ പ്രതികരിച്ച പ്രഭാവതി അമ്മയുടെ ധീരതയെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്. പൗരബോധത്തിന്റെ ഉത്തമ ഉദാഹരണമാണ് പ്രഭാവതി അമ്മയെന്നും ഇത്തരം ഇടപെടലുകൾ നിയമലംഘകർക്ക് താക്കീതാകുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. കേസിൽ ഉടൻ തന്നെ പിഴയടക്കമുള്ള ശിക്ഷാനടപടികൾ ഉണ്ടാകും.