വയനാട് ബത്തേരി പൂമല സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ യുവതി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 412 പേജ് ഉള്ള കുറ്റപത്രമാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയത്. കേസില്‍ ബത്തേരി സ്വദേശികളായ നൗഷാദ്, ജ്യോതിഷ് കുമാര്‍, അജേഷ്, വൈശാഖ്, മെല്‍ബിന്‍ മാത്യു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ പ്ലാച്ചിക്കല്‍ വീട്ടില്‍ ലിബ എന്ന 41കാരിയെ കൂടി കേസില്‍ പിടികൂടാനുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഈ യുവതി പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൊലപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ചേരമ്പാടി വനത്തിനുള്ളില്‍ കുഴിച്ചുമൂടി എന്നാണ് കേസ്. നേരത്തെ മെഡിക്കല്‍ കോളേജ് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി.കെ.ജിജീഷ് ആണ് കേസ് അന്വേഷിച്ച് കൊലപാതകമാണെന്ന്കണ്ടെത്തിയത്.