ചാലക്കുടി : അതിരപ്പിള്ളി മേഖലയിലെ ഉന്നതികളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ പരാതി പരിഹാര അദാലത്ത് നാളെ നടക്കും. 2025 ആഗസ്റ്റ് 23 രാവിലെ 11.00 മണിക്ക് അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണൻകുഴിയിലെ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആണ് അദാലത്ത്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അദാലത്തിൽ ഫോറസ്റ്റ്, എക്സൈസ്, മോട്ടോർ വാഹന, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, പട്ടികജാതി വികസനം, ട്രൈബൽ ഡെവലപ്മെന്റ്, സിവിൽ സപ്ലൈസ്, വൈദ്യുതി, ജലസേചനം, പൊതുമരാമത്ത് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ജനങ്ങൾ നേരിട്ട് പരാതി നൽകുകയും പരിഹാരം ലഭ്യമാക്കുകയും ചെയ്യും.
അദാലത്തിന് ശേഷം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS വിവിധ വകുപ്പുകളുടെ പ്രതിനിധികളോടൊത്ത് ഉന്നതികളിൽ സന്ദർശനം നടത്തും. ജനമൈത്രി പോലീസ്, ട്രൈബൽ പ്രമോട്ടർമാർ, ആശാ വർക്കർമാർ, വാർഡ് മെമ്പർമാർ, അങ്കണവാടി ടീച്ചർമാർ, മോണിറ്ററി കമ്മിറ്റി അംഗങ്ങൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ പരമാവധി പരാതികൾ ശേഖരിച്ച് തുടർനടപടികൾ സ്വീകരിക്കും.
ജനങ്ങളുടെ പരാതികൾ 14.08.2025 മുതൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ്, ചാലക്കുടി ഡി.വൈ.എസ്.പി. ഓഫീസ്, അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നേരിട്ടും തപാൽ/Email വഴിയും കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പുകളായ POL-App, Thuna വഴിയും സ്വീകരിക്കുന്നുണ്ട്. അനധികൃത മദ്യം, മയക്കുമരുന്ന് വ്യാപനം എന്നിവയ്‌ക്കെതിരെ കര്‍ശന നടപടികൾ തുടരുമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു.