Share this Article
News Malayalam 24x7
സീറോ മലബാര്‍ സഭയില്‍ നാലു പുതിയ അതിരൂപതകള്‍; നിർണായക തീരുമാനങ്ങള്‍ക്ക് വത്തിക്കാന്റെ അംഗീകാരം
വെബ് ടീം
16 hours 46 Minutes Ago
1 min read
syro

കൊച്ചി: സീറോ മലബാര്‍സഭയില്‍ നാല് രൂപതകളെ അതിരൂപതകളാക്കി ഉയര്‍ത്തി. ഫരീദാബാദ്, ഉജ്ജയ്ന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളെയാണ് അതിരൂപതകളായി ഉയര്‍ത്തിയത്. നാല് ബിഷപ്പുമാരെ ആര്‍ച്ച്ബിഷപ്പുമാരായും നിയമിച്ചു. സീറോമലബാര്‍ സഭാകേന്ദ്രത്തില്‍ ഓഗസ്റ്റ് 18ന് ആരംഭിച്ച 33-ാം മെത്രാന്‍ സിനഡിന്റെ രണ്ടാമത്തെ സമ്മേളനത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. സിനഡ് തീരുമാനങ്ങള്‍ക്കള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കി.മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെയാണ് ആര്‍ച്ച്ബിഷപ്പുമാരാക്കി ഉയര്‍ത്തിയത്.

കേരളത്തിനു പുറത്തുള്ള 12 രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയും ചെയ്തു. മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയാണ് ഫരീദാബാദ് മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പ്, ഉജ്ജയിന്‍ മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിനും ചുമതല നല്‍കി. കല്യാണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെ നിയോഗിച്ചു. മാര്‍ തോമസ് ഇലവനാലിന് പകരമാണ് നിയമനം. ഷംഷാബാദ് മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണങ്ങാടനും ചുമതല നല്‍കി.

ആദിലാബാദ്, ബിജ്നോര്‍, ചന്ദ, ഗോരഖ്പൂര്‍, കല്യാണ്‍, ജഗ്ദല്‍പൂര്‍, രാജ്‌കോട്ട്, സാഗര്‍, സത്ന, ഷംഷാബാദ്, ഉജ്ജയിന്‍, ഹോസൂര്‍ തുടങ്ങി പന്ത്രണ്ട് രൂപതകളുടെ അതിര്‍ത്തികളാണ് പുനഃസംഘടിപ്പിച്ചത്. ബല്‍ത്തങ്ങാടി രൂപതാ മെത്രാനായി ക്ലരീഷ്യന്‍ സന്യാസസമൂഹാംഗമായ ഫാ. ജെയിംസ് പാട്ടശേരിയിലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസസമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു. തൃശൂര്‍ അതിരൂപതയുടെ സഫ്രഗന്‍ എപ്പാര്‍ക്കിയായി ഹോസൂര്‍ എപ്പാര്‍ക്കിയെ പുതിയതായി ഉള്‍പ്പെടുത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories