Share this Article
News Malayalam 24x7
ഡോ. പി.വി. മോഹനൻ എൻഡോവ്മെന്റ് വിതരണം ചെയ്തു; എം.ജെ. അജയ് കൃഷ്ണനും എസ്. രേഷ്മയും അർഹരായി
Mohanan Endowment Awarded to M.J. Ajay Krishnan and S. Reshma

അന്താരാഷ്ട്ര ശാസ്ത്രജ്ഞനും ഗവേഷകനുമായിരുന്ന ഡോ. പി.വി. മോഹനന്റെ സ്മരണാർത്ഥം തിരുവനന്തപുരം ആസ്ഥാനമായ കേരള അക്കാദമി ഓഫ് സയൻസസ് (KAS) ഏർപ്പെടുത്തിയ പ്രഥമ എൻഡോവ്മെന്റ് വിതരണവും അനുസ്മരണ പ്രഭാഷണവും കണ്ണൂർ ശ്രീനാരായണ കോളേജിൽ നടന്നു.


കേരള ഹെൽത്ത് സയൻസസ് സർവകലാശാലയുടെയും കേരള സർവകലാശാലയുടെയും വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് പ്രൊഫ. ജി.എം. നായർ അധ്യക്ഷനായി. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുഖ്യ ഗവേഷണ ശാസ്ത്രജ്ഞൻ ഡോ. എസ്.ജി. രാമചന്ദ്ര അനുസ്മരണ പ്രഭാഷണം നടത്തി. "ന്യൂറോബയോളജി" എന്ന വിഷയത്തിൽ സെമിനാറും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.


ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷണ വിദ്യാർത്ഥികളായ എം.ജെ. അജയ് കൃഷ്ണനും എസ്. രേഷ്മയുമാണ് കെ.എ.എസ്. എൻഡോവ്മെന്റിന് അർഹരായത്. പതിനായിരം രൂപ, സ്വർണമെഡൽ, പ്രശസ്തിപത്രം എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്. ജേതാക്കൾ ചടങ്ങിൽ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചു.


പ്രൊഫ. സി. റൊണാൾഡ് ഗേയർ (University of Saskatchewan, കാനഡ) മുഖ്യ പ്രഭാഷണം നടത്തി. ഡോ. സി.എൻ. രാമചന്ദ്, ഡോ. കെ.ജി. രഘു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 16 ഗവേഷണ വിദ്യാർത്ഥികളും വിവിധ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.


കണ്ണൂർ ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.പി. പ്രശാന്ത്, ഡോ. ഹരിനാരായണൻ, ഡോ. പാണ്ടുരംഗൻ, ഡോ. ജിതേഷ് കെ, ഡോ. ജീഷ്ണ എം.വി. എന്നിവർ പ്രസംഗിച്ചു.


തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലെ ടോക്സിക്കോളജി വിഭാഗം മേധാവിയും കേരള അക്കാദമി ഓഫ് സയൻസ് ഉപാധ്യക്ഷനുമായിരുന്ന ഡോ. പി.വി. മോഹനൻ കണ്ണപുരം സ്വദേശിയായിരുന്നു. അദ്ദേഹം കേന്ദ്ര സർക്കാരിന്റെ കോവിഡ്-19 വാക്‌സിൻ ഗുണപരിശോധനാ സമിതിയിലെ അംഗവുമായിരുന്നു. ചടങ്ങിൽ ഡോ. പി. വി. മോഹനന്റെ കുടുംബാംഗങ്ങൾ, ശ്രീ ചിത്തിരയിലെ സഹപ്രവർത്തകർ, നാട്ടുകാർ, ബന്ധുക്കൾ എന്നിവർ സന്നിഹിതരായിരുന്നു.










നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories