കണ്ണപുരത്തെ വാടകവീട്ടിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനൂപ് മാലിക്കിനെ അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. സ്ഫോടനം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തിയേക്കും. സ്ഫോടനത്തിൽ കൊല്ലപ്പെട്ട അനൂപിന്റെ ബന്ധുവും തൊഴിലാളിയുമായ മുഹമ്മദ് ആശാമിന്റെ മരണത്തിലും സ്ഫോടനത്തിന്റെ കാരണങ്ങളിലും ദുരൂഹത തുടരുകയാണ്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് കണ്ണപുരം കീഴറയിലെ വാടകവീട്ടിൽ സ്ഫോടനമുണ്ടായത്. സ്ഫോടനശേഷം കാണാതായ അനൂപ് മാലിക്കിനെ പിന്നീട് കാഞ്ഞങ്ങാടുനിന്നാണ് പിടികൂടിയത്. അനൂപിനെതിരെ നേരത്തെ സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തിരുന്നു.
പ്രതി അനൂപ് മാലിക്ക് ഇതിനുമുമ്പും ഏഴോളം കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഫോടനവസ്തുക്കൾ ആർക്ക് കൈമാറാനായിരുന്നു, ഇവ നിർമ്മിച്ചതിന്റെ യഥാർത്ഥ ഉദ്ദേശ്യം എന്തായിരുന്നു (ഉത്സവ ആവശ്യങ്ങൾക്കോ അതോ മറ്റ് ദുരുദ്ദേശങ്ങൾക്കോ) തുടങ്ങിയ നിർണായക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം വൈകുന്നേരത്തോടെ അനൂപ് മാലിക്കിനെ കോടതിയിൽ ഹാജരാക്കും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.