തിരുവനന്തപുരം: കോർപ്പറേഷനിലെ 66-ാം വാർഡായ വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാർഥി ഓട്ടോ ഇടിച്ച് മരിച്ചു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ(എസ്എംടിഎഫ്) പ്രതിനിധിയായി സ്വതന്ത്രനായി മത്സരിക്കുന്ന ജസ്റ്റിൻ ഫ്രാൻസിസ്(60) ആണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജസ്റ്റിനെ ഓട്ടോയിടിച്ചത്.
നിർത്തിയിട്ട ഓട്ടോറിക്ഷ ഉരുണ്ടുവന്നിടിച്ചെന്നാണ് വിവരം. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് വിഴിഞ്ഞം വാർഡിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു. പുതുക്കിയ തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പ്രഖ്യാപിക്കുമെന്നും വരണാധികാരി അറിയിച്ചു. അതേസമയം, ജസ്റ്റിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.