പത്തനംതിട്ട: പന്തളത്ത് ഭക്ഷ്യവകുപ്പിന്‍റെ പരിശോധനയില്‍ ഹോട്ടലില്‍ ഭക്ഷണ സാധനങ്ങൾ കക്കൂസിൽ സൂക്ഷിക്കുന്ന നിലയില്‍ കണ്ടെത്തി. പാകം ചെയ്യാനുള്ള ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വെച്ചായിരുന്നു. പന്തളം കടയ്ക്കാട്ടാണ് സംഭവം. മൂന്ന് ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിച്ചു. ഇതര സംസ്ഥാനക്കാർ നടത്തുന്ന ഹോട്ടലുകളാണ് പൂട്ടിയത്. ഹോട്ടലും പരിസരവും വൃത്തിഹീനമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. ഇതര സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളാണ് വൃത്തിയില്ലാത്ത ഹോട്ടലുകൾ നടത്തിയിരുന്നത്. കെട്ടിടം ഉടമകളുടെ ബിനാമികളാണ് തൊഴിലാളികൾ എന്നാണ് വിവരം. ഒന്നര ആഴ്‌ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു വൈകുന്നേരങ്ങളിൽ പ്രവർത്തിരുന്നത്.മൂന്ന് ഹോട്ടലുകൾക്കും പതിനായിരം രൂപ വീതം പിഴ ഈടാക്കി. തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ ബംഗാൾ സ്വദേശികളായ താജ്‌മിര ഖാത്തുൻ, എസ്.കെ.സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവരാണ് ഹോട്ടൽ നടത്തിവന്നത്. ഹോട്ടലിലേക്ക് കയറുമ്പോൾ തന്നെ കടുത്ത ദുർഗന്ധമാണെന്ന് അധികൃതർ പറഞ്ഞു. പഴകിയ ചിക്കൻ ഉൾപ്പെടെ പിടിച്ചെടുത്ത് നശിപ്പിച്ചു.