ട്രെയിനുകളിൽ വിതരണം ചെയ്യാനിരുന്ന പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. കടവന്ത്രയിലെ കേറ്ററിംഗ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് ഭക്ഷണം പിടികൂടിയത്. കോർപ്പറേഷൻ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ ഭക്ഷണമാണ് പിടികൂടിയത്. പിടികൂടിയ ഭക്ഷണത്തിന് 8 ദിവസത്തിലധികം പഴക്കമുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കൊച്ചി കോർപ്പറേഷന്റെ ആരോഗ്യ വിഭാഗവും ഹെൽത്ത് ഇൻസ്പെക്ടറുമാണ് പരിശോധന നടത്തിയത്. മുട്ട സാമ്പാർ ചപ്പാത്തി ചിക്കൻ അടക്കമുള്ള പഴകിയ ഭക്ഷണമാണ് കണ്ടെത്തിയത്.
കാറ്ററിംഗ് സെന്ററിന്റെ സമീപത്തെ ഗോഡൗണിൽ നിന്നും ദുർഗന്ധം വന്ന സാഹചര്യത്തിൽ പ്രദേശവാസികളും കൗൺസിലറും നടത്തിയ പരിശോധനയിലാണ് പഴക്കമുള്ള ചിക്കൻ കണ്ടെത്തിയത്.സ്ഥാപനത്തിനെതിരെ പലതവണ പരാതി നൽകിയിട്ടുണ്ടെന്ന് കടവന്ത്ര കൗൺസിലർ പറഞ്ഞു..
അതേസമയം പഴകിയ ഭക്ഷണം പിടികൂടിയ സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.
പലതവണ ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉത്തരവാദിത്വമില്ലാത്ത രീതിയിലാണ് സ്ഥാപനം മുന്നോട്ട് പോകുന്നതെന്നും പലതവണ പരിശോധനയ്ക്ക് വന്നപ്പോഴും ആരെയും കണ്ടില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. സംഭവത്തിന പിന്നാലെ സ്ഥാപനം സീൽ ചെയ്ത് പൂട്ടിച്ചു..