താമരശ്ശേരി അമ്പായത്തോട് ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ പൊലീസ് നീക്കം. ഇന്നലെ മാത്രം എട്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായും 500-ഓളം പേർ പ്രതികളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പുതിയ എഫ്.ഐ.ആറുകളിലൊന്നിൽ, പ്ലാന്റിലെ ജീവനക്കാരനായ രാജിൻ എന്നയാളെ മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ രാജിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കരിമ്പാലാക്കുന്ന് വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ആരെയും കസ്റ്റഡിയിലെടുക്കാൻ സാധിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.
സമരസമിതി പ്രവർത്തകരായ 28 പേരെയാണ് പുതിയ കേസിൽ പ്രതിചേർത്തിരിക്കുന്നത്. ഇതിൽ ഡി.വൈ.എഫ്.ഐ നേതാവാണ് ഒന്നാം പ്രതി. വധശ്രമം, ഗൂഢാലോചന ഉൾപ്പെടെ നിരവധി വകുപ്പുകളാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്ലാന്റിന് അനുമതി നൽകിയത് തെറ്റാണെന്നും ഇതിന് പിന്നിൽ വലിയൊരു മാഫിയ പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. തീയിട്ടവരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും ഈ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിയോടെ താമരശ്ശേരിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
2010-ലാണ് ഈ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നത്. തുടക്കത്തിൽ വെള്ളക്കുപ്പിയുടെ നിർമ്മാണ യൂണിറ്റാണെന്ന് പറഞ്ഞാണ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ, പിന്നീട് മാസങ്ങൾ പിന്നിട്ടപ്പോൾ പ്ലാന്റിൽ നിന്ന് ദുർഗന്ധം വമിക്കുകയും പുഴകളിലേക്ക് മാലിന്യം ഒഴുക്കിവിടുകയും ചെയ്തു. ഇത് പുഴയിൽ കുളിക്കാനിറങ്ങിയവർക്ക് ചൊറിച്ചിലും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള അസുഖങ്ങൾക്കും കാരണമായതോടെയാണ് നാട്ടുകാർക്ക് ഇത് ഇറച്ചി സംസ്കരണ പ്ലാന്റാണെന്ന് മനസ്സിലായത്.
നാട്ടുകാർ നിരവധി തവണ പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകിയിരുന്നെങ്കിലും അനുകൂലമായ നടപടികളുണ്ടായില്ല. ദുർഗന്ധം കാരണം നിരവധി പേർ കിടപ്പിലായതായും പറയുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ച് വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. എന്നാൽ, കോടതി പ്ലാന്റിന് അനുകൂലമായ ഒരു നിലപാടാണ് സ്വീകരിച്ചിരുന്നത്.
സംഘർഷത്തിനിടെ പ്ലാന്റ് കത്തിക്കുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. വാഹനങ്ങളിലെ പെട്രോൾ എവിടെയാണെന്ന് കൃത്യമായി നോക്കിക്കൊണ്ടാണ് തീയിട്ടതെന്നതും, ജീവനക്കാരെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിക്കാൻ ശ്രമിച്ചതും അടക്കമുള്ള കാര്യങ്ങൾ ആസൂത്രിതമായ നീക്കങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.