Share this Article
KERALAVISION TELEVISION AWARDS 2025
തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാൻഡ് തടവുകാരന് മര്‍ദനം
Thiruvananthapuram District Jail

ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് ജയിൽ ഉദ്യോഗസ്ഥരുടെ ക്രൂരമർദനമേറ്റതായി പരാതി. ഗുരുതരമായി പരിക്കേറ്റ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ബിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്.


ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചതിനെ തുടർന്ന് ബിജുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവിൽ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.


സഹപ്രവർത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് ബിജുവിനെ ഈ മാസം 12-ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും തുടർചികിത്സ നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.


എന്നാൽ, 13-ന് വൈകുന്നേരത്തോടെ ജയിലിന് സമീപത്തുള്ള ഓടയിൽ അവശനിലയിൽ ബിജുവിനെ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇവിടെ നിന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവവും ഗുരുതര പരിക്കുകളും കണ്ടെത്തിയത്.


അതേസമയം, തടവുകാരനെ മർദിച്ചെന്ന ആരോപണം ജയിൽ അധികൃതർ നിഷേധിച്ചു. കോടതി നിർദ്ദേശപ്രകാരം തുടർചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയതാണെന്നും, തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു അതിക്രമവും ഉണ്ടായിട്ടില്ലെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അവർ അവകാശപ്പെടുന്നു.


തടവുകാരനെ ഓടയിൽ നിന്ന് കണ്ടെത്തിയെന്ന വിവരവും ചികിത്സയ്ക്കായി കൊണ്ടുപോയി എന്ന ജയിൽ അധികൃതരുടെ വാദവും തമ്മിലുള്ള വൈരുദ്ധ്യം സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories