തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ നിര്‍മിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റിന് (അവയവമാറ്റ ആശുപത്രി) ഫെബ്രുവരി ഏഴിന് രാവിലെ 11.30ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷയാകും. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതെന്നും ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും ആശുപത്രിയാണിതെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ട്രാന്‍സ്പ്ലാന്‍റേഷന്‍റെ ചെലവ് മൂന്നിലൊന്നായി കുറക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുന്നത്. എല്ലാ അവയവമാറ്റങ്ങള്‍ക്കുമുള്ള ഒരു കേന്ദ്രമായി ആശുപത്രി മാറും. രണ്ടു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 299 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് പുറമെ ഉപകരണങ്ങള്‍ക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഐസിയു, എച്ച്ഡിയു സൗകര്യങ്ങള്‍, ഡയാലിസിസ് സെന്‍റര്‍, 10 ഓപറേഷന്‍ തിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെ 350 കിടക്കകളുണ്ടാകും. 14 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിര്‍മാണം. ട്രാന്‍സ്പ്ലാന്റേഷന്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും. 31 അക്കാദമിക് കോഴ്‌സുകള്‍ക്കും പദ്ധതിയുണ്ട്.വര്‍ഷം തോറും 1,100 കോര്‍ണിയ ട്രാന്‍സ്പ്ലാന്റുകള്‍, 520 വൃക്ക ട്രാന്‍സ്പ്ലാന്റുകള്‍, 320 കരള്‍ ട്രാന്‍സ്പ്ലാന്റുകള്‍, 15 ആന്ത്ര (ഇന്റസ്‌റ്റൈനല്‍) ട്രാന്‍സ്പ്ലാന്റുകള്‍, 15 പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റുകള്‍, 50 ഹൃദയ ട്രാന്‍സ്പ്ലാന്റുകള്‍, 40 ശ്വാസകോശ ട്രാന്‍സ്പ്ലാന്റുകള്‍, 120 ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റുകള്‍, 300 സോഫ്റ്റ്ടിഷ്യു/വിരല്‍/കൈ/എല്ല്/മുഖം ട്രാന്‍സ്പ്ലാന്റുകള്‍ എന്നിങ്ങനെ നടത്താനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ബിജു പൊറ്റെക്കാട്, എന്‍.എച്ച്.എം ഡി.പി.എം ഡോ. സി കെ ഷാജി എന്നിവരും പങ്കെടുത്തു.